പേരൂര്‍ക്കട: ജോലിക്കുനിന്ന വീട്ടില്‍ നിന്നു ആഭരണങ്ങള്‍ മോഷ്ടിച്ചശേഷം അലമുറയിട്ട വയോധിക വനിതാപോലീസ് നടത്തിയ ദേഹപരിശോധനയില്‍ കുടുങ്ങി. നെടുമങ്ങാട് ചുള്ളിമാനൂര്‍ സ്വദേശിനി ജയ എന്നുവിളിക്കുന്ന രത്നമ്മ (68) ആണ് പിടിയിലായത്.
തിങ്കളാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. കവടിയാര്‍ മുട്ടട ലക്ഷ്മി നഗര്‍ ഹൗസ് നമ്പര്‍ 247 കണ്ണാടിശേരില്‍ വീട്ടില്‍ ആനി ജോര്‍ജിന്റെ മകള്‍ ജെലി ഫിലിപ്പിന്റെ വീട്ടിലായിരുന്നു മോഷണം. രത്നമ്മ കുറച്ചുനാളായി ഈ വീട്ടില്‍ ജോലിക്കു നില്‍ക്കുകയാണ്. സംഭവദിവസം വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്ന തക്കത്തില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറുപവന്‍ വരുന്ന സ്വര്‍ണഭരണങ്ങള്‍ കവർച്ച നടത്തുകയായിരുന്നു.
മോഷണം നടത്തിയശേഷം ഇവര്‍ ആഭരണങ്ങള്‍ ശരീരത്തില്‍ ഒളിപ്പിച്ചു. അതിനുശേഷം കള്ളന്മാര് അലമാര തുറന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയതായി അലമുറയിട്ടു. ഇതോടെ വിവരം സമീപവാസികള്‍ അറിയുകയും വിവരമറിഞ്ഞ് പേരൂര്‍ക്കട പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.
പോലീസ് വീട്ടിലാകെ പരിശോധന നടത്തുകയും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസിലാക്കുകയും ചെയ്തു. ഇതിനിടെ രത്നമ്മയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഒടുവില്‍ സ്റ്റേഷനില്‍നിന്ന് വനിതാ പോലീസുകാരെ വരുത്തുകയും രത്നമ്മയുടെ ദേഹപരിശോധന നടത്തുകയും ചെയ്യുക യായിരുന്നു.
അങ്ങനെയാണ് ശരീരത്തില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണമാലയും രണ്ടുവളകളും ഉള്‍പ്പെടെ ആറുപവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തിയത്. മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയതായി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് ശ്രദ്ധതിരിച്ചശേഷം ആഭരണങ്ങളുമായി രക്ഷപ്പെടുകയായിരുന്നു ഇവരുടെ ഉദ്ദേശ്യമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ രത്നമ്മയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.